ലക്നോ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എൽബ്രൂസിൽ (റഷ്യ) സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്തിയതിന്റെ ആഹ്ലാദത്തിലാണ് ശിവാനി മെഹ്റോത്ര എന്ന വീട്ടമ്മ. കുടുംബത്തിന്റെയും പ്രത്യേകിച്ചും 18 കാരിയായ മകളുടെയും പിന്തുണയിലാണ് 43 കാരിയായ ശിവാനിയുടെ നേട്ടം.യുപിയിലെ സിതാപുരിൽ ജനിച്ച ശിവാനി വിവാഹത്തെത്തുടർന്ന് 24 വർഷം മുന്പാണ് ലക്നോയിലെത്തിയത്. ഇപ്പോൾ കുടുംബത്തിനൊപ്പം മുംബൈയിലാണ്.
മനക്കരുത്തിന്റെയും ശാരീരിക ക്ഷമതയുടെയും പരീക്ഷണമായിരുന്നു കൊടുമുടികയറ്റമെന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ അവർ പറഞ്ഞു. “പ്രായം ഒരു സംഖ്യ മാത്രമാണെന്ന വിശ്വാസക്കാരിയാണ് ഞാൻ. ഒരു ലക്ഷ്യത്തിലേക്കു നീങ്ങുന്പോൾ പ്രായത്തേക്കാൾ നിശ്ചയദാർഢ്യവും അച്ചടക്കവുമാണു പ്രധാനം.
കഠിനദൗത്യത്തിൽ പിന്തുണച്ച മാതാപിതാക്കൾക്കും ഭർത്താവിനും മകൾക്കും സുഹൃത്തുക്കൾക്കും നന്ദിപറയുകയാണ്” -ശിവാനി വ്യക്തമാക്കി.സ്വന്തമായി സന്പാദിച്ച പണമാണു ട്രക്കിംഗിന് ഉപയോഗിച്ചത്. 2019ൽ ഉറ്റ സുഹൃത്തിനൊപ്പം മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കു യാത്ര ചെയ്തതാണ് ട്രക്കിംഗിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായത്. തുടർന്ന് കാഷ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്കായി യാത്ര. ഫ്രണ്ട്ഷിപ്പ് പീക്ക്, കിളിമഞ്ചാരോ ഉൾപ്പെടെ ഏറെ ദുഷ്കരമായ ദൗത്യങ്ങൾ ഇതിനിടെ പിന്നിട്ടു.
കഴിഞ്ഞ എട്ടാം തീയതിയാണ് മുംബൈയിൽനിന്ന് ദുബായ് വഴി റഷ്യയിലെ മിനറൽനി വോഡി വഴി മൗണ്ട് എൽബ്രസ് ദൗത്യത്തിനു തുടക്കമിട്ടത്. പത്തുദിവസത്തെ ദൗത്യം റഷ്യൻ കന്പനിയാണ് ആസൂത്രണം ചെയ്തതെന്നും അവർ പറഞ്ഞു.